മട്ടുപ്പാവിലേക്കു നോക്കിനിന്ന സെമിത്തേരി.

 മട്ടുപ്പാവിലേക്കു നോക്കിനിന്ന സെമിത്തേരി.

 പതിവ്  വ്യാഴാഴ്ച കലാപരിപാടികൾ കഴിഞ്ഞു എപ്പോഴാണ് കിടന്നതെന്നു ഓർമയില്ല ,ഇടക്ക് ഉണർന്നപ്പോൾ എവിടെയോ ആളുകൾ സംസാരിക്കുന്നു, ക്ഷമിക്കണം ഭാഷ അറിയാതിരുന്നകൊണ്ടാകാം അവർ പറയുന്നത് മനസിലായില്ല ,അതോ ഉറക്കം ബോധത്തെ വരിഞ്ഞു മുറുക്കിയതോ? ആവോ, രാത്രിയിലെ  തണുപ്പ് കൂടിത്തുടങ്ങുന്നു കുഴപ്പമില്ല, ഫാനും ഏസിയും കുറച്ചുകൂടി കൂട്ടിയിട്ടു മുതല വെള്ളത്തിലേക്ക് ഊളിയിട്ടിറങ്ങുന്ന പോലെ ബ്ലാങ്കറ്റിൻടെ ഉള്ളിലേക്ക് ഞാൻ പതിയെ വലിഞ്ഞു ...ആഹാ.. അന്തസ്സ്! , ഇപ്പോഴും നേർത്ത സംഭാഷണം കേൾക്കാം , കയ്യിൽ കിട്ടിയ ഇയർപ്ലഗ് ചെവിയിൽ തിരുകി ഞാൻ ഉറങ്ങി,രാവിലെ സൂര്യൻ ബാൽക്കണിയിൽ നിന്ന് ഗുഡ് മോർണിംഗ് , പറഞ്ഞുകൊണ്ട്  കൺപോളകൾ ഇറിറ്റേറ്റ് ചെയ്യുന്ന വെട്ടം അടിച്ചു ചിരിച്ചു കൊണ്ടു നില്കുന്നു , ഇയാള് രാവിലെ ഉറങ്ങാൻ സമ്മതിക്കില്ലേ , ഇന്നലത്തെ ഗ്രഹണം കഴിഞ്ഞു വന്ന വരവാ അല്ലെ , വെള്ളിയാഴ്ച ഇയാളെ ഒന്ന് കാണാൻ വേണ്ടി മനഃപൂർവം ഞാൻ വ്യാഴാഴ്ചകളിൽ  ബാൽക്കണി കർട്ടൻ മാറ്റുന്നതാ. 

ഹായ് ഗുഡ് മോർണിംഗ് ……. മുഖത്തുനോക്കി തെറി വിളിച്ചാൽ തിരിച്ചു  പറയാത്തതു താൻ മാത്രമേ ഉള്ളു മിസ്റ്റർ സൂര്യൻ  എന്ന് പറഞ്ഞുകൊണ്ട് സമയം നോക്കി ദൈവമേ! മണി ഒൻപതു കഴിഞ്ഞു വീട്ടിലേക്കു വിളിച്ചില്ല , ഒരു വെള്ളി മാത്രമേയുള്ളു സമാധാനമായി അവരെ വിളിക്കുന്നത് ഒരു ബ്രഷും എടുത്തുകൊണ്ട് മടിയൊന്നു മാറ്റുവാൻ ബാൽക്കണി ഡോർ തുറന്നു , മതിലിനപ്പുറം മട്ടുപ്പാവിലേക്കു എത്തിനോക്കുന്ന സെമിത്തേരി , അവിടെ  അങ്ങിങ്ങു നട്ടിരുന്നു ചെടികൾ അല്ല അവ വളർന്നു ചെറുമരങ്ങളാകാൻ പാകം എത്തുന്നു ഒരു പയ്യൻ ദിവസവും ചെടികൾക്ക് വെള്ളം ഒഴിക്കുന്നുണ്ട് അതെ അവനും വളർന്നിരിക്കുന്നു ആ ചെടികൾക്കൊപ്പം. മെല്ലെ കണ്ണോടിച്ചപ്പോൾ കുറച്ചു മാറി കുറെ ആൾക്കാർ അവരുടെ പ്രിയപെട്ടവരുടെ ഖബറിൽ ഇരിപ്പുണ്ടായിരുന്നു . എന്നോ, ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി ഈ ഭൂമിവിട്ടു പോകേണ്ടിവന്നവർ അതിൽചിലരാകട്ടെ  നിർബന്ധപൂർവം   പറഞ്ഞയക്കപെട്ടവർ, ആഴ്ചയിലൊരിക്കൽ തങ്ങളുടെ പ്രിയപെട്ടവരുടെ ഓർമയിൽ പുനർജനിക്കുവാൻ വെമ്പുന്നവർ. ജീവനെയും  മരണത്തെയും  തുന്നിച്ചേർത്തുനിർത്തുന്ന സങ്കല്പത്തിന്റെ നൂലിഴകൾ  ഇതും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിലെ പ്രവാസം തന്നെയാണ്. 

എല്ലാ ആഴ്ചകളിലും ഒരു വൃദ്ധ മുഖം വ്യക്തമല്ല കയ്യിലെ തൊലികൾ നന്നേ ചുളിഞ്ഞിരുന്നു കൂനിക്കൂടി ഖബറരുകിലിരുന്നു എന്തോ വർത്തമാനം പറയുന്നു ഇടയ്ക്കിടയ്ക്ക് കണ്ണുകൾ ഒപ്പുന്നു ആ കറുത്ത പർദ്ദ അവരുടെ കണ്ണുനീരുകളെ ഒപ്പിയെടുക്കുന്നു, ഞാൻ അവരെ മുൻപും ഒരുപാടു തവണ കണ്ടിട്ടുണ്ട്  .ആ വൃദ്ധ  ഒടുക്കം ആ ഖബറിന്റെ മണ്ണിൽ മുത്തമിട്ടു എഴുന്നേറ്റു, പതിയെ പതിയ അവർ നടന്നു ചെടികൾ നനച്ചു കൊണ്ടിരുന്ന പയ്യന്റെ അരുകിലെത്തി,അവർ അവന്ടെ തോളിൽ തട്ടി സഞ്ചിയിൽ നിന്ന് ഒരു പൊതി എടുത്തു അവനു കൊടുത്തു കുറച്ചുനേരം അവന്ടെ കൈപിടിച്ച് ദൂരെ ഖബറിലേക്കു വിരൽ ചൂണ്ടി എന്തോ പറയുന്നുണ്ടായിരുന്നു അറിയില്ല, ആ 'അമ്മ എന്താണ് പറയുന്നതെന്ന്  ,ഒരു പക്ഷെ അവരുടെ മകന്ടെയോ ചെറുമകന്റെയോ പ്രായമാകാം ആ പയ്യന് എന്ന് തോന്നി. അവർ സാവധാനം നടന്നകലുന്നതു എനിക്ക് കാണാം , ഒരാഴ്ചത്തെ വർത്തമാനം   പറഞ്ഞിട്ടാകാം അവർ പോകുന്നത് , കാലവും ഓർമകളും ഇടകലർന്ന ഇടവേള,  അതും നമ്മുക്ക് അറിയില്ല.

 ഹേയ്! ഞാൻ ചെറുതായി ഒന്നു ഡിസ്റ്റർബ് ആയോ ,എന്തോ?  ഇല്ല എന്ന് സ്വയം സമാധാനിപ്പിച്ചു കൊണ്ട് ബാൽക്കണിയിലെ ഗ്ലാസ് ഡോർ വലിച്ചടച്ചു തിരിഞ്ഞു നടക്കും മുൻപ് ഒരു സംശയം ഇന്നലെ രാത്രി കേട്ട ആളുകളുടെ സംസാരം ??? .. നമ്മുടെ നാട്ടിലെ ആത്മാക്കളുടെ വെള്ളവസ്ത്രം,5.1 സറൗണ്ടിങ് ചിരി തുടങ്ങിയ പതിവ് ക്ലീഷേ ഇവിടെ ഇല്ലെന്നു തോന്നുന്നു അവരും  കാത്തിരിക്കുന്നു ഒരു വീക്കെൻഡ് വെള്ളിയാഴ്ചത്തേക്കു വേണ്ടി ,ഒരു മതിലിനപ്പുറവും ഇപ്പുറവും രണ്ടു തരത്തിലെ പ്രവാസം.

വിനീതമായി

Ssunju rajan


2 comments:

                                            ആകാശത്തിന്റെ നിഴൽ പല തവണ പോയിട്ടുള്ള  ഒരു സ്ഥലമാണ് ദുബായ് ,അത്  ചിലപ്പോൾ വിസിറ്റിംഗിനോ  അല്ലെങ്...